പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുൽത്താൻ ബത്തേരിയിലെ ഗവ. സർജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
Story highlights- Snake bite , school student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here