അപവാദ പ്രചാരണം; നടി പാർവതിയുടെ പരാതിയിൽ എറണാകുളം സ്വദേശിക്കെതിരെ കേസ്

നടി പാർവതി തിരുവോത്തിന്റെ പരാതിൽ എറണാകുളം സ്വദേശിക്കെതിരെ കേസ്. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോർ എന്നയാൾക്കെതിരെയാണ് കോഴിക്കോട് എലത്തൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി ശിക്ഷാ നിയമത്തിലെ 354 ഡി(സ്ത്രീകളെ അപമാനിക്കൽ), കേരള പൊലീസ് ആക്ടിലെ 120 ഒ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പാർവതി പരാതി നൽകിയത്. പിന്തുടർന്ന് ശല്യം ചെയ്തുവെന്നും അപവാദ പ്രചാരണം നടത്തിയെന്നും പാർവതിയുടെ പരാതിയിലുള്ളതായാണ് വിവരം. കൊച്ചിയിലെ ഒരു മാഫിയയിൽ നിന്ന് നടി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആൾ പാർവതിയുടെ സഹോദരനുമായി ഫേസ്ബുക്ക് മെസഞ്ചർ വഴി ബന്ധപ്പെട്ടു. ആരോപണങ്ങൾ സഹോദരൻ തള്ളിയതോടെ വാട്സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും അപവാദകരമായ സന്ദേശങ്ങൾ അയയ്ക്കുന്നത് തുടർന്നു. ഒക്ടോബർ ഏഴിനാണ് സഹോദരൻ ഇക്കാര്യങ്ങൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് പാർവതി പരാതിയിൽ വിശദീകരിച്ചു.
സഹോദരനെ കൂടാതെ പാർവതിയുടെ അച്ഛനും ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും കിഷോർ തുടർച്ചയായി സന്ദേശങ്ങളയച്ചിരുന്നു. ഇയാളുടെ ശബ്ദസന്ദേശങ്ങളും അവഹേളിക്കുന്ന സ്‌ക്രീൻ ഷോട്ടുകളും പാർവതി പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here