സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ കൈയ്യടി നേടി ആസ്‌ട്രേലിയൻ യുവതി ടോണി

സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ കൈയ്യടി നേടുകയാണ് ടോണി എന്ന ആസ്‌ട്രേലിയൻ യുവതി. കാട്ടുതീ പടർന്ന കാട്ടിൽ അകപ്പെട്ടുപോയ കോല എന്ന മൃഗത്തെ സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞ് രക്ഷപ്പെടുത്തിയാണ് ടോണി ശ്രദ്ധനേടിയത്. കോലയെ രക്ഷപ്പെടുത്തുന്ന ടോണിയുടെ വീഡിയോ ഇതിലോടകം കണ്ടത് ലക്ഷക്കണക്കിനാളുകളാണ്.
സഹജീവിസ്‌നേഹത്തിന്റെ ഉത്തമ ഉദാഹരമെന്നാണ് കാണികളിലേറെയും ഓസ്‌ട്രേലിയക്കാരിയായ ടോണിയെ വിശേഷിപ്പിക്കുന്നത്. പ്രാണൻ പോകുമെന്ന വേളയിൽ എന്തുചെയ്യണമെന്നറിയാതെ പേടിച്ചരണ്ട കോലയെ, ധരിച്ചിരുന്ന ഷർട്ട് അഴിച്ച് പൊതിഞ്ഞുപിടിക്കുകയാണ് ടോണി.
കത്തിപ്പടരുന്ന തീയിൽ നിന്ന് കോലയെ കൈയ്യിലെടുത്ത് പുറത്തേക്കോടുന്ന ടോണി ചിന്തിച്ചത് കൈയ്യിൽ പിടയുന്ന ജീവനെക്കുറിച്ചായിരുന്നു. പുറത്തെത്തിയ ഉടൻ കൈയ്യിലെ കുപ്പിയിൽ നിന്ന് കോലയുടെ ശരീരത്തിൽ വെള്ളം ഒഴിച്ചുകൊടുക്കാനും ടോണി മറന്നില്ല. ദേഹമാസകലം പൊള്ളലേറ്റ കോലയെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ടോണിയുമുണ്ടായിരുന്നു കോലക്കൊപ്പം. പൂർണ ആരോഗ്യം വീണ്ടെടുത്ത കോലയെ ടോണി ചേർത്തു പിടിക്കുന്ന, ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.
ആശുപത്രി അധികൃതർ അവൾക്കൊരു പേരും നൽകി ,കെയ്റ്റ്. എന്തായാലും ജീവൻ വീണ്ടെടുത്ത ടോണിക്കും ജീവിതത്തിലേക്ക് തിരിച്ചുവന്ന കോലക്കും ആശംസകളുടെയും പ്രാർത്ഥനകളുടെയും പ്രവാഹമാണ് സമൂഹമാധ്യമങ്ങളിലാകെ.
ഓസ്ട്രലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് അടുത്തിടെയുണ്ടായത്. ഏകദേശം 350 കോലകൾക്ക് ഇക്കൊല്ലത്തെ കാട്ടുതീയിൽ ജീവൻ നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് അനിയന്ത്രിതമായ കാട്ടുതീയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
Tony rescues, forest fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here