ഷഹ്‌ല ഷെറിന്റെ മരണം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ ജഡ്ജി

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ ജില്ലാ ജഡ്ജി പരിശോധന നടത്തി. അധ്യാപകർക്ക് വീഴ്ച സഭവിച്ചുവന്നും സ്‌കൂളിന്റെ അവസ്ഥ ശോചനീയമെന്നും ജഡ്ജി എ ഹാരിസ് പറഞ്ഞു. പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനും ഉച്ചക്ക് ഹാജരാകണമെന്നും ജഡ്ജി നിർദേശിച്ചു.
സ്‌കൂളിലെ വിവിധ ക്ലാസ് മുറികൾ, ശുചിമുറി, ഗ്രൗണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ജില്ലാ ജഡ്ജി പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ സ്‌കൂളിന്റെ അവസ്ഥ പരിതാപകരമെന്ന് ബോധ്യപ്പെട്ടതായി ജഡ്ജി പറഞ്ഞു. അതേസമയം, ജില്ലയിലെ മുഴുവൻ സ്‌കൂളുകളും പരിസരവും ശുചീകരിക്കാൻ ജില്ലാ കളക്ടറും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും നിർദേശം നൽകി.
ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും ക്ലാസ് മുറികൾ പ്രധാനാധ്യാപകർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട നടപടികൾ ഉറപ്പാക്കാൻ ജില്ലയിലെ ആശുപത്രികൾക്കും നിർദേശം നൽകി.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമായി തുടരുകയാണ്.
Story highlights- Snake bite, Shahla sherin, district judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here