കാനഡയിൽ പുതിയതായി അധികാരമേറ്റ മന്ത്രിസഭയിൽ നാല് പേർ ഇന്ത്യൻ വംശജർ

കാനഡയിൽ പുതിയതായി അധികാരമേറ്റ ജസ്റ്റിൻ ട്രൂഡോയുടെ 36 അംഗ മന്ത്രിസഭയിൽ നാല് പേർ ഇന്ത്യൻ വംശജർ. മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ മൂന്ന് പേർ സിഖ് വംശജരും ഒരാൾ ഹിന്ദു വനിതയുമാണ്.
ബുധനാഴ്ചയാണ് ട്രൂഡോയുടെ ലിബറൽ ന്യൂനപക്ഷ സർക്കാർ അധികാരത്തിലെത്തിയത്. ശക്തവും കഴിവുള്ളതും എന്നായിരുന്നു പുതിയ മന്ത്രിസഭയ്ക്ക് ട്രൂഡോ നൽകിയ വിശേഷണം. സിഖ് വംശജരായ നവ്ദീപ് സിങ് ബെയിൻസ്, ഹർജിത് സിങ് സജ്ജൻ, ബർദിഷ് ചാഗർ, ഹിന്ദു വനിതയായ അനിത ആനന്ദ് എന്നിവരാണ് അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ.
ആകെ 36 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. അതിൽ ഏഴുപേർ പുതുമുഖങ്ങളാണ്. ടൊറന്റോ സർവ്വകലാശാലയിലെ നിയമ പ്രഫസറായ അനിത ആനന്ദ് കനേഡിയൻ മന്ത്രിസഭാംഗമാകുന്ന ആദ്യ ഹിന്ദുവനിത കൂടിയാണ്. പൊതുസേവനം, സമ്പാദനം എന്നീ വകുപ്പുകളുടെ ചുമതലയാണ് അനിത കൈകാര്യം ചെയ്യുക. പ്രതിരോധമന്ത്രിയായാണ് 49 കാരനായ ഹർജിത് സജ്ജൻ അധികാരമേറ്റത്. നവ്ദീപ് സിങ് ബെയിൻസിനാണ് ശാസ്ത്ര-വ്യാവസായിക വിഭാഗത്തിന്റെ ചുമതല. യുവജനം, വൈവിധ്യം എന്നീ മേഖലകളുടെ ചുമതല വഹിക്കുന്നത് ബർദിഷ് ചാഗറാണ്. വിദേശകാര്യമന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് പുതിയ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി സ്ഥാനത്ത് തുടരും. 13 വർഷത്തിനു ശേഷമാണ് കാനഡയിൽ ഉപപ്രധാനമന്ത്രി നിയമനം നടക്കുന്നത്.
Canada,newly-appointed cabinet,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here