പുതിയ ശ്രീലങ്കന് പ്രസിഡന്റ് ഗോതബായ രജപക്സെ 29ന് ഇന്ത്യയിൽ

ശ്രീലങ്കയുടെ പുതിയ പ്രസിഡൻറായി അധികാരമേറ്റ ഗോതബായ രജപക്സെ ഈ മാസം 29 ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗോതബായ ഇന്ത്യയിലെത്തുന്നത്.
രജപക്സെ നവംബർ 29 ന് ഇന്ത്യയിലെത്തുന്ന വിവരം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. ഗോതബായയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ജയ്ശങ്കറിന്റെ വെളിപ്പെടുത്തൽ. ഇതോടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഗോതബായ രജപക്സെ നടത്തുന്ന ആദ്യ വിദേശസന്ദർശനമാകും നവംബർ 29 ലേത്.
Read Also: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതബായ രാജപക്സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗോതബായ രജപക്സെയുമായി ഫോണിൽ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ വിജയത്തിന് ഗോതബായയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യാ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തു. വികസനം, സുരക്ഷ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ രജപക്സെ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം ഗോതബായക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീലങ്കയിലെ പ്രത്യേക ഹൈക്കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. എന്നാൽ പ്രസിഡന്റിനെതിരെ കുറ്റം ചുമത്തുന്നത് ഭരണഘടനാവിരുദ്ധമെന്നിരിക്കെ തെരഞ്ഞെടുപ്പ് വിജയത്തോടെ ഗോതബായയുടെ പേരിലുള്ള കേസ് അസാധുവായി. ഗോതബായയെ എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി കോടതി ഉത്തരവിട്ടതോടെ ഇന്ത്യ സന്ദർശിക്കുന്നതിന് ഇനി നിയമതടസങ്ങളില്ല.
2005 മുതൽ 2015 വരെ പ്രസിഡൻറായിരുന്ന സഹോദരൻ മഹിന്ദ രജപക്സെയുടെ ഭരണകാലത്ത് പ്രതിരോധമന്ത്രാലയത്തിൻറെ വഹിച്ചത് ഗോതാബയ രജപക്സെയായിരുന്നു. ഇരുവരും ചേർന്ന് തമിഴ്പുലികൾക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികൾ പേരിൽ ഇന്ത്യയിലടക്കം ഇപ്പോഴും കനത്ത വിമർശനങ്ങൾ നേരിടുന്ന നേതാവാണ് ഗോതബായ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here