കേരള സർവകലാശാല മോഡറേഷൻ ക്രമക്കേട്; സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്

കേരള സർവകലാശാലയിലെ മോഡറേഷൻ ക്രമക്കേടിൽ സോഫ്റ്റ്‌വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോർട്ട്. ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷൻ സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സിൻഡിക്കേറ്റിൽ ചർച്ച ചെയ്തു.
പൂർണമായും സോഫ്റ്റ്‌വെയറിനെ പഴിചാരിയാണ് സർവകലാശാലയുടെ ആഭ്യന്തര വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മോഡറേഷൻ സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ബോധപൂർവമായ ക്രമക്കേട് നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി. കൂടുതൽ യൂസർ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ.ഡി ഉപയോഗിച്ചാണ് ക്രമക്കേട് നടന്നതെന്ന് നേരത്തെ വ്യകതമായിരുന്നു.
വിദഗ്ധ സമിതി റിപ്പോർട്ട് ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ പരിശോധിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നാണ് സൂചന. മാർക്ക്ദാന വിവാദത്തിൽ സർവകലാശാല എടുക്കേണ്ട നടപടികളെക്കുറിച്ചും, സോഫ്റ്റ് വെയർ പരിഷ്‌കരണത്തെക്കുറിച്ചും സിൻഡിക്കേറ്റിൽ ചർച്ച ചെയ്തിട്ടുണ്ട്.
അതേസമയം, മോഡറേഷൻ ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസെടുത്ത് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് ഡിജിപിക്ക് ശുപാർശ നൽകും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം വേണമെന്ന് വിലയിരുത്തലിലാണ് ജില്ലാ ക്രൈംബ്രാഞ്ച്.
Story highlights- kerala university, moderation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here