പ്രാതിനിധ്യം കുറവ്; ജംബോ പട്ടികയ്‌ക്കെതിരെ വനിതാ നേതാക്കള്‍

കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെ വനിതാ നേതാക്കളുടെ പരാതി. വനിതാപ്രാതിനിധ്യം മൂന്നുപേരില്‍ ഒതുക്കിയതിനെതിരെയാണ് നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. യുവനേതാക്കളുടെ പരാതി പ്രവാഹത്തിനു പിന്നാലെയാണ് വനിതാ നേതാക്കളുടെ പരാതിയും കെപിസിസി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
നാമമാത്രമായ വനിതാ പ്രതിനിധ്യമാണ് കെപിസിസി പട്ടികയിലുള്ളത്. മൂന്നു വനിതകള്‍ക്കാണ് പ്രധാന ചുമതലകള്‍ ലഭിച്ചത്. നേരത്തെ ആറ് വനിതകള്‍ക്ക് ഭാരവാഹി പ്രാതിനിധ്യം ഉണ്ടായിരുന്നതാണ് മൂന്നായി ചുരുങ്ങിയത്. മുപ്പത് ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടുപേര്‍മാത്രമാണുള്ളത്.
പത്മജാ വേണുഗോപാലും രമണി പി നായരും. കെ സി റോസക്കുട്ടിയാണ് ഏക വനിതാ വൈസ് പ്രസിഡന്റ്. നേരത്തെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന ലാലി വിന്‍സെന്റിനെ പട്ടികയില്‍ നിന്ന് വെട്ടി. പകരം ചുമതലകള്‍ ഒന്നും നല്‍കിയതുമില്ല. അച്ചടക്കലംഘനമെന്ന ആക്ഷേപം മറയാക്കിയാണ് ലാലി വിന്‍സെന്റിന് ഭാരവാഹിത്വം നിഷേധിച്ചതെന്നാണ് ആരോപണം.
മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും നേതാക്കള്‍ വാദിക്കുന്നു. ലതികാ സുഭാഷിനും സുമാ ബാലകൃഷ്ണനും ഇതര പദവികള്‍ ഉള്ളതിനാല്‍ പട്ടികയില്‍ നിന്ന് പുറത്തായി. പകരം ആരെയും ഉള്‍പ്പെടുത്തിയില്ല. യുവനേതാക്കള്‍ക്ക് പൊതുവില്‍ അവസരം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തലവേദനയായതിനു പിന്നാലെയാണ് വനിതാ നേതാക്കളുടെ കലാപക്കൊടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here