മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി അലന്റെയും താഹയുടെയും മൊഴി

സിപിഐഎമ്മില്‍ തുടര്‍ന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും. മാവോയിസ്റ്റുകള്‍ രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി ഇരുവരും പൊലീസിന് മൊഴി നല്‍കി.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാല്‍ തുടരാന്‍ കഴിയാത്തതിനാലാണ് പ്രവര്‍ത്തകര്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നതെന്നും ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് അന്‍പതിലേറെപേര്‍ വീതം മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
കോഴിക്കോട് ടൗണില്‍മാത്രം ഇരുപതോളം പേര്‍ ഇത്തരത്തില്‍ മാവോയ്സ്റ്റ് അനുകൂലപ്രവര്‍ത്തനം നടത്തുന്നുണ്ട്. സിപിഐഎം, സിപിഐ, ആര്‍എംപി എന്നീ പാര്‍ട്ടികളിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഉള്ളത്. എല്ലാ ജില്ലകളിലും രഹസ്യപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അലനും താഹയും അന്വേഷണസംഘത്തിന് മൊഴി നല്‍കി.
അതെ സമയം അലന്‍ ഷുഹൈബും താഹ ഫസലും നല്‍കിയ ജാമ്യാപേക്ഷകള്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുന്നാമത്തെ ആള്‍ ഉസ്മാന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ യുഎപിഎ പ്രകാരമുള്ള കേസുകള്‍ നിലവില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here