ഷഹ്‌ലയുടെ മരണം; ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു

സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കുട്ടിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വയാനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷഭരിതമായി.
അതിനിടെ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചുവന്ന് ജില്ലാ ജഡ്ജി എ ഹാരിസ് പറഞ്ഞു. സ്‌കൂളിന്റെ അവസ്ഥ ശോചനീയമാണെന്നും ജഡ്ജി പറഞ്ഞു. സ്‌കൂളിൽ സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനും ഉച്ചക്ക് ഹാജരാകണമെന്നും ജഡ്ജി നിർദേശിച്ചു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളും പരിസരവും ശുചീകരിക്കാൻ ജില്ലാ കളക്ടറും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും നിർദേശം നൽകി.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
Story highlights- snake bite, shahla sherin, national child rights commission, Sulthan Bathery, Sarvajana Higher Secondary School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here