ഷഹ്‌ലയുടെ മരണം; സർവജന സ്‌കൂളിലെ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സർവജന സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഡിഡിഇയുമായി എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്‌കൂളിലെ പിടിഐ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്. രാഷ്ട്രീയം മാറ്റിവച്ച് ഷഹ്‌ലയ്ക്ക് വേണ്ടി വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു.
അതിനിടെ ഷഹ്‌ലയുടെ മരണത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്‌കൂളിനോട് വിശദീകരണം തേടി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here