ഷഹല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനിയുടെ സഹപാഠികള്‍. വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു. രക്ഷിതാക്കളും പ്രതിഷേധവുമായി സ്‌കൂളില്‍ എത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തിയത്.
ഇന്ന് ജില്ലയില്‍ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളുകളിലേക്ക് എത്തുന്നുണ്ട്. പ്രതിഷേധമായാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
അതേസമയം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും നിര്‍ദേശം നല്‍കി. ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും ക്ലാസ് മുറികള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി.
ഷഹല ഷെറിന്റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here