പത്ത് മലയാളി താരങ്ങളുമായി ഗോകുലം; സ്ത്രീകൾക്ക് ഗാലറി ടിക്കറ്റ് സൗജന്യം

സമീപകാലത്തെ മികച്ച പ്രകടനങ്ങളിൽ നിന്ന് ആത്മവിശ്വാസമുൾക്കൊണ്ട് ഐ-ലീഗിൻ്റെ പുതിയ സീസണിനൊരുങ്ങി ഗോകുലം കേരള എഫ്സി. മികച്ച തരങ്ങളെ അണിനിരത്തിയാണ് ഇത്തവണ ഗോകുലം ഇറങ്ങുന്നത്. 25 അംഗ ടീമിൽ 10 മലയാളികളാണുള്ളത്. ഡ്യൂറൻറ് കപ്പില്‍ ഗോകുലത്തെ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ട്രിനിഡാഡ്-ടുബേഗോ സ്ട്രൈക്കര്‍ മാർകസ് ജോസഫാണ് ടീം ക്യാപ്റ്റന്‍.
അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു വിട്ട മലയാളി താരം എംഎസ് ജിതിൻ ടീമിലുണ്ട്. മാർക്കസ് ജോസഫും ഉഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്കയുമടങ്ങുന്ന ആക്രമണ നിരയിൽ ലാല്ഡംമാവി, കെപി രാഹുൽ തുടങ്ങിയവരും അണിനിരക്കും. ജിതിനൊപ്പം ഷിബില്‍ മുഹമ്മദ്, മുഹമ്മദ് റാഷിദ്, യാംബോയ് മോയ്റങ്, മായകണ്ണൻ, മാലേംഗാന്ബ മെയ്തി തുടങ്ങിയവരാണ് മധ്യനിരയിൽ.
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ കളിച്ച അഫ്ഗാനിസ്താന് പ്രതിരോധതാരം ഹാറൂണ്‍ അമീരി, മുന്‍ പുണെ എഫ്.സി താരം സെബാസ്റ്റ്യന്‍ താംഗ്സാംഗ്, കോട്ടയം സ്വദേശി ജസ്റ്റിന് ജോർജ് തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്ത്. സികെ ഉബൈദാണ് ഒന്നാം നമ്പർ ഗോൾകീപ്പർ.
അതേ സമയം, ഗോകുലത്തിൻ്റെ ഹോം മത്സരങ്ങളിൽ സ്ത്രീകൾക്ക് ഗാലറി ടിക്കറ്റുകൾ സൗജന്യമായിരിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്. ഗാലറിയുടെ ഏത് ഭാഗത്തേക്കും സ്ത്രീകൾക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാം.
നവംബർ 30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നെറോക്ക എഫ്സിയുമായാണ് ഗോകുലത്തിൻ്റെ ആദ്യ മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here