വടാട്ടുപാറ ഗവ. ഹൈസ്‌കൂളിലെ പഴയ കെട്ടിടം അപകടാവസ്ഥയില്‍; പൊളിച്ചുനീക്കണമെന്ന് ആവശ്യം

കോതമംഗലം വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്‌കൂളിന്റെ പഴയ കെട്ടിടം നിലംപൊത്താറായ അവസ്ഥയില്‍. കെട്ടിടം പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളാണിത്. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ കളിക്കുന്നത് പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനു സമീപമാണ്. കെട്ടിടം പാതി നിലംപൊത്തിയ നിലയിലാണ്. ഈ കെട്ടിടത്തിനുള്ളില്‍ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിട്ടുമുണ്ട്. ഇഴജന്തുക്കളുടെ സാന്നിധ്യവുമാണ്ട്.
സ്‌കൂള്‍ കോമ്പൗണ്ടില്‍ വന്‍ അപകടസാധ്യതയുയര്‍ത്തി നില്‍ക്കുകയാണ് പഴയ കെട്ടിടം. കെട്ടിടം പൊളിച്ചുനീക്കിയാല്‍ അപകടാവസ്ഥ ഒഴിവാക്കുകയും ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. നിരവധി പരാതികള്‍ നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഈ പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ നീണ്ടുപോവുകയാണ്.
ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ സുരക്ഷയില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here