ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം

ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം. 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ 390ലും ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. തെരഞ്ഞെടുപ്പ് ഫലം ചൈന അനുകൂലിയായ ചീഫ് എക്‌സിക്യുട്ടീവ് ക്യാരി ലാമിന് കനത്ത തിരിച്ചടിയാണ്.

മുപ്പത് ലക്ഷത്തോളം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ വന്‍മുന്നേറ്റം നടത്തി. 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ 390 സീറ്റുകളിലും ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ഇതോടെ 18 ജില്ലാ കൗണ്‍സിലുകളില്‍ പതിനേഴും ജനാധിപത്യ പ്രക്ഷോഭ അനുകൂലികള്‍ ഭരിക്കും.

ആറ് മാസമായി തുടര്‍ന്നുവരുന്ന ജനാധിപത്യ പ്രക്ഷോഭത്തിനൊപ്പമാണ് ഭൂരിപക്ഷം ജനങ്ങളുമെന്നതിന്റെ വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം. 2015-ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വെറും 47 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ 71 ആയിരുന്നു വോട്ടിംഗ്
ശതമാനം. വോട്ടര്‍മാരുടെ അഭിപ്രായത്തിന് താന്‍ വിനീതമായി ചെവികൊടുക്കുമെന്ന് ഫലം വന്നതിനുശേഷം ക്യാരി ലാം പ്രതികരിച്ചു. ഹോങ്കോങിലെ രീതി അനുസരിച്ച് 1200 അംഗങ്ങളുടെ സമിതിയാണ് വോട്ട് ചെയ്ത് ചീഫ് എക്‌സിക്യുട്ടീവിനെ തെരഞ്ഞെടുക്കുക. ഈ 1200 അംഗങ്ങളില്‍ 117 പേര്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായിരിക്കും എന്നിരിക്കെ ഹോങ്കോങിന്റെ അടുത്ത നേതാവ് ആരായിരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് കാര്യമായ സ്വാധീനമുണ്ടാകും.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള ബില്ലിനെതിരെ കഴിഞ്ഞ ജൂണിലാണ് ഹോങ്കോങില്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തെ തുടര്‍ന്ന് വിവാദനിയമം പിന്‍വലിച്ചെങ്കിലും ക്യാരി ലാമിന്റെ രാജി അടക്കമുള്ള ആവശ്യവുമായാണ് പ്രതിഷേധം ഇപ്പോഴും തുടരുന്നത്.

Story Highlights- Hong Kong District Council Elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top