സഞ്ജു വിൻഡീസ് പരമ്പരക്കുള്ള ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

മലയാളി താരം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി-20 പരമ്പരക്കുള്ള ടീമിലേക്ക് സഞ്ജുവിനെ തിരികെ വിളിക്കുമെന്ന് മുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിനെതിരെ ടീമിലെടുത്തിട്ടും ഒരു മത്സരം പോലും കളിപ്പിക്കാത്ത സെലക്ഷൻ കമ്മറ്റിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ ആലോചിക്കുന്നുണ്ടെന്നാണ് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്.
ഫൈനൽ ഇലവനിൽ എത്താൻ സാധ്യതയില്ലെങ്കിലും ആരാധക രോഷം തണുപ്പിക്കുക എന്നതാണ് സെലക്ഷൻ കമ്മറ്റിയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. ഫോം വീണ്ടെടുക്കാൻ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് റിലീസ് ചെയ്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനയച്ച ഋഷഭ് പന്ത് മോശം ഫോം തുടർന്നതും സെലക്ടർമാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഹരിയാനക്കെതിരായ മത്സരത്തിൽ 32 പന്തുകളിൽ 28 റൺസെടുത്ത പന്ത് അലക്ഷ്യമായ ഷോട്ട് കളിച്ചാണ് പുറത്തായത്. 30 റൺസിന് ഹരിയാന ഡൽഹിയെ പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധമാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ഉയർന്നത്. ഹർഷ ഭോഗ്‌ലെ, ശശി തരൂർ, മാധ്യമ പ്രവർത്തകനായ അയാസ് മേനോൻ, മുൻ ദേശീയ താരം തുടങ്ങിയവരൊക്കെ സഞ്ജുവിനെ ഒഴിവാക്കിയതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇടപെടണമെന്നാവശ്യപ്പെട്ട ഹർഭജൻ സെലക്ഷൻ കമ്മറ്റിയെ മാറ്റണമെന്നും തുറന്നടിച്ചിരുന്നു.
അതേ സമയം, വിരാട് കോലി ടീമിലേക്ക് മടങ്ങി എത്തിയതും രോഹിത് ശർമ്മ വിശ്രമം എടുക്കാൻ തയ്യാറാകാതിരുന്നതുമാണ് സഞ്ജു പുറത്താവാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here