യുവതി പ്രവേശം: ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ല; എന്‍ വാസു

ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയ സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ ബിന്ദു അമ്മിണിക്ക് കൊച്ചി നഗരത്തില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ശബരിമലയില്‍ ഈ വര്‍ഷം തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ ശാന്തമായ അന്തരീക്ഷമാണ്. ധാരളം ഭക്തജനങ്ങള്‍ ഇത്തവണ എത്തുന്നുണ്ട്. ശബരിമലയില്‍ എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More:മുളകുപൊടി പ്രയോഗം; ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. 4.30 ഓടെയാണ് എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്. ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top