സൗദി എണ്ണ സംസ്‌കരണശാല ഭീകരാക്രമണം: പിന്നിൽ ഇറാനെന്ന് റോയിട്ടേഴ്‌സിന്റെ അന്വേഷണ റിപ്പോർട്ട്; നിഷേധിച്ച് ഇറാൻ

സൗദിയിൽ എണ്ണ സംസ്‌കരണശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് അന്വേഷണ റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണമാണ് ഇറാന്റെ പങ്കാളിത്തം വ്യക്തമാക്കിയത്. എന്നാൽ ആക്രമണത്തിൽ പങ്കാളിത്തമുണ്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചു.
കഴിഞ്ഞ സെപ്തംബർ 14-നാണ് സൗദി ആരാംകോയുടെ രണ്ട് എണ്ണ സംസ്‌കരണശാലകൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സൗദിയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണവും ഇത് സ്ഥിരീകരിക്കുന്നു. ഇന്നലെയാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമൈനി എണ്ണ സംസ്‌കരണ ശാലകൾ തകർക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
2015-ൽ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽ നിന്ന് 2018-ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് പ്രതികാരമായാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അമേരിക്കയോട് നേരിട്ടല്ലാതെയുള്ള പ്രതികാരമായിരുന്നു ലക്ഷ്യം. ഇറാനിലെ റെവല്യൂഷണറി ഗാർഡ് ഉൾപ്പെടെ നടത്തിയ നിരന്തരമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ആരാംകോയുടെ കേന്ദ്രങ്ങൾ തകർത്തത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈഖ് പ്ലാന്റിനും ഖുറൈസ് എണ്ണപ്പാടത്തിനും നേരെയും ആയിരുന്നു ആക്രമണം. 18 ട്രോണുകളും ഏഴ് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇറാനാണ് പിന്നിൽ എന്നതിന് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സൗദി നിരത്തിയിരുന്നു.
saudi arabia, iran, america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here