ഉദ്ധവ് താക്കറെ ഗവർണറെ കണ്ടു; മഹാസഖ്യ സർക്കാർ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. എൻസിപി, കോൺഗ്രസ് നേതാക്കളോടൊപ്പമാണ് ഉദ്ധവ് താക്കറെ ഗവർണറെ കാണാൻ എത്തിയത്. മഹാ വികാസ് ആഘാഡി സഖ്യത്തെ കുറിച്ച് വിവരിക്കുന്ന കത്തും താക്കറെ ഗവർണർക്ക് കൈമാറി.
അതേസമയം, ശിവസേന-എൻസിപി-കോൺഗ്രസ് മഹാസഖ്യ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ശിവജി പാർക്കിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ. അഞ്ചു മണിക്കായിരിക്കും ചടങ്ങ് നടക്കുക. മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരാകും ഉണ്ടാവുക. ബാലാസാഹിബ് തൊറാട്ടും, ജയന്ത് പട്ടേലും ഉപമുഖ്യമന്ത്രിമാരാകും.
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അജിത് പവാറും രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ നിർണായക വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ ഉണ്ടായത്.
Read Also : ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു
ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ഫഡ്‌നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്നും ശിവസേന മറ്റ് പാർട്ടികളോട് യാചിക്കുകയാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവസേനയെ പരോക്ഷമായി വിമർശിച്ച ഫഡ്‌നാവിസ് പാർട്ടി സവർക്കറേയും കാവിയേയും വഞ്ചിച്ചുവെന്നും ആരോപിച്ചു.
Story Highlights : Maharashtra, Devendra Fadnavis, uddhav thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here