ഏഴ് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇറാനിൽ ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു

ഇറാനിൽ ഏഴ് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചു. പെട്രോൾ വില വർധിപ്പിച്ചതിനെതിരെ പ്രക്ഷോഭം ശക്തമായപ്പോഴാണ് ഇറാൻ സർക്കാർ ഇന്റർനെറ്റ് സംവിധാനം താത്കാലികമായി റദ്ദാക്കിയത്.

കഴിഞ്ഞയാഴ്ച അവസാനത്തോടെ രാജ്യത്ത് ഇന്റർനെറ്റ് സംവിധാനം റദ്ദാക്കിയത് ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ബിസിനസ് മേഖലയെ ദോഷകരമായി ബാധിച്ചതിന് പുറമെ സർവകലാശാലകളിലേക്ക് അപേക്ഷകളയക്കുന്നതിന് വിദ്യാർത്ഥികൾക്ക് തടസമുണ്ടായി. എന്നാൽ, രാജ്യത്തെ ഇന്റർനെറ്റ് സംവിധാനം വഴി ബാങ്കുകളുടെ പ്രവർത്തനം സുഗമമായി നടന്നിരുന്നു.

നവംബർ 15ന് സർക്കാർ അപ്രതീക്ഷിതമായി പെട്രോൾ വിതരണം പരിമിതപ്പെടുത്തുകയും വില വർധിപ്പിക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനിടയാക്കിയത്. ഇതിനെ നേരിടാനാണ് സർക്കാർ രാജ്യത്തെ മിക്കയിടത്തും ഇന്റർനെറ്റ് സംവിധാനം റദ്ദാക്കിയത്. ചുരുങ്ങിയത് അമ്പത് ശതമാനത്തിന്റെ വർധനവാണ് പെട്രോൾ വിലയിൽ വരുത്തിയത്. സബ്‌സിഡി നിർത്തലാക്കിയതാണ് പൊടുന്നനെ പെട്രോൾ വില വർധിക്കാൻ കാരണം. വാഹനമുള്ളവർക്ക് മാസം 15,000 റിയാലിന് 60 ലിറ്റർ പെട്രോൾ എന്ന നിലയിൽ പരമിതപ്പെടുത്തുകയും ചെയ്തു. ഇതിൽ കൂടുതലായി വാങ്ങുന്ന പെട്രോളിന് ഇരട്ടി വില നൽകണം. നേരത്തെ പതിനായിരം റിയാലിന് മാസം 250 ലിറ്റർ പെട്രോൾ വാങ്ങാമായിരുന്നു.

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥക്ക് ഏൽപിച്ച ആഘാതത്തെ മറികടക്കുന്നതിനാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്. 2018ൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറിയതിനെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ കനത്ത ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. വലിയ നിരക്കിൽ സബ്‌സിഡി നൽകിയിരുന്നതിനാൽ ഏറ്റവും വിലക്കുറവിൽ എണ്ണ ലഭിച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ.

Story highlight: iran , oil price, internet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top