മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. സുപ്രിംകോടതി വിധി പ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രോടേം സ്പീക്കര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറയെ തെരഞ്ഞെടുത്തിരുന്നു. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്കാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.

288 നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്. നിലവില്‍ മുഖ്യമന്ത്രിയായി നിശ്ചയിച്ചിട്ടുള്ള ഉദ്ധവ് താക്കറെ എംഎല്‍എ അല്ലാത്തതിനാല്‍ അദ്ദേഹം സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യില്ല. അദ്ദേഹത്തോട് ആറ് മാസത്തിനുള്ളില്‍ അംഗത്വം നേടണമെന്ന നിര്‍ദേശം ഗവര്‍ണര്‍ നല്‍കിയിരുന്നു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top