ശബരിമലയിലെ സുരക്ഷ കര്‍ശനമാക്കി; പരിശോധനയ്ക്ക് കൂടുതല്‍ പൊലീസ്

ശബരിമലയിലെ സുരക്ഷ കര്‍ശനമാക്കി. നിലയ്ക്കലിലും പമ്പയിലും വാഹനപരിശോധനയ്ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനു പിന്നാലെ കാനന പാതയിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. അതേസമയം യുവതി പ്രവേശം ഉണ്ടായാല്‍ തടയുന്നതിനായി പമ്പ, സന്നിധാനം, കാനന പാതയിലടക്കം കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുന്നതായി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുമുണ്ട്.

ഈ മണ്ഡലകാലം ആരംഭിച്ചതുമുതല്‍ തികച്ചും സമാധാനപരമായ തീര്‍ത്ഥാടന ദിനങ്ങളാണ് ശബരിമലയില്‍ ഉണ്ടായത്. അന്യസംസ്ഥാനക്കാരായ ഏഴോളം യുവതികള്‍ പമ്പ വരെ എത്തിയെങ്കിലും പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചശേഷം പൊലീസ് ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ച് അയക്കുകയായിരുന്നു.

എന്നാല്‍ ഭൂമാതാ ബ്രിഗേഡ് സംഘത്തിന്റെ വരവിനെ പൊലീസ് ഇത്തരത്തില്‍ കാണുന്നില്ലെന്നതാണ് പ്രധാനം. തൃപ്തി ദേശായിക്കും സംഘത്തിനും കൊച്ചിവരെ മാത്രമേ എത്താന്‍ സാധിച്ചുള്ളുവെങ്കിലും മറ്റ് ഏതെങ്കിലും ആക്ടിവിസ്റ്റ് സംഘടനകള്‍ ഇതിന് തുടര്‍ച്ചയായി ശബരിമലയില്‍ എത്തുമോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പമ്പയിലെയും നിലയ്ക്കലിലെയും പൊലീസ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.

വനിതാ പൊലീസ് അടക്കമുള്ള കൂടുതല്‍ പൊലീസ് സംഘം ഇന്നലെ ഉച്ചമുതല്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പമ്പയിലേക്ക് കടത്തിവിടുന്ന 15 സീറ്റിലധികമുള്ള വാഹനങ്ങള്‍ നിലയ്ക്കലില്‍ പരിശോധിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top