മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെ കേസ്. ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കം നാല് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിക്ക് കത്ത് നൽകി.
വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെ ഇന്നലെയായിരുന്നു സംഭവം. പ്രതിയായ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്‌ട്രേറ്റിന് മുൻപാകെ മൊഴി നൽകി. ഇത് മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചു. തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കുകയായിരുന്നു.
ഇതോടെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ ചേംബറിലേക്ക് മടങ്ങിയ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവച്ചു എന്നാണ് പരാതി. എന്നാൽ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ബാർ അസോസിയേഷൻ ഭാരവാഹികളുടെ വാദം.
story highlights- vanchiyoor court, magistrate, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here