സ്‌കൂള്‍ കലോത്സവം; കുഞ്ഞുങ്ങളെ തളര്‍ത്തി ചൂടും പൊടിയും; ആശ്വാസമായി മഴ

സംസ്ഥാന കലോത്സവ വേദിയിലെത്തിയ മത്സരാര്‍ത്ഥികളെയും കാണികളെയും വലച്ച് കടുത്ത ചൂടും പൊടിയും. പ്രധാന വേദിയിലാണ് ചൂടും പുകയും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. പുലര്‍ച്ചെ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം സ്‌പ്രേ ചെയ്ത് പൊടി ശല്യം ശമിപ്പിക്കാന്‍ കലോത്സവ കമ്മറ്റി ശ്രമിച്ചുവെങ്കിലും വെയില്‍ കനത്തതോടെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഉച്ച സമയങ്ങളില്‍ 34 ഡിഗ്രി വരെ താപനില ഉയര്‍ന്നു. മോഹിനിയാട്ടം പോലുള്ള മത്സരങ്ങള്‍ക്ക് കോസ്റ്റ്യൂം അണിഞ്ഞ് തട്ടിലേറാന്‍ കാത്തു നിന്ന മത്സരാര്‍ത്ഥികളെയാണ് ചൂട് ഏറെ വലച്ചത്. കലോത്സവ നഗരിയില്‍ കര്‍മനിരതരായ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളും ചൂടേറ്റ് വലഞ്ഞു.
ചൂടും പൊടിയും ശക്തമാവുന്നതിനിടെയാണ് വൈകുന്നേരം മൂന്നു മണിയോടെ നാടും നഗരവും മനസുകളും നനച്ച് മഴ ചാറിയത്.
ശക്തമായ മഴ ആയിരുന്നില്ലെങ്കിലും ചാറ്റല്‍ മഴ പൊടിയടക്കി തണുപ്പ് വിതറി കടന്നു പോയി. ഇന്ന് മഴ പെയ്തത് ആശ്വാസമായെങ്കിലും വരും ദിവസങ്ങളിലും ശക്തമായ ചൂട് തന്നെയാവും കലോത്സവ വേദികളിലെ വില്ലന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here