ശ്രീലങ്കയിൽ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഗവർണറായി നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഗോതബായ രജപക്‌സെ

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ ഗവർണറായി നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഗോതബായ രജപക്‌സെ. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറായാണ് മുത്തയ്യയെ നിയമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറാകാൻ മുത്തയ്യ മുരളീധരനെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ക്ഷണിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ‘ഡെയ്‌ലി മിറർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുത്തയ്യയെ കൂടാതെ അനുരാധ യഹാംപത്തിനെ കിഴക്കൻ പ്രവിശ്യയുടെയും ടിസ്സ വിതരനയെ ഉത്തര-മധ്യ പ്രവിശ്യകളുടെയും ഗവർണർമാരായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോൾ രജപക്‌സെക്ക് പിന്തുണ പ്രഖ്യാപിച്ച് മുരളീധരൻ രംഗത്തെത്തിയിരുന്നു. ഗോതബായ രജപക്‌സെ തമിഴ്പുലികൾക്കെതിരെ എടുത്ത നിലപാടുകളിലും പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് മുരളീധരൻ. ശ്രീലങ്കയുടെ മാന്ത്രിക സ്പിൻ ബൗളറായിരുന്ന മുത്തയ്യ മുരളീധരൻ ടെസ്റ്റിൽ 800ഉം ഏകദിനത്തിൽ 534ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here