ഷെയിൻ നിഗമിനെതിരായ പരാതി; നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ

നടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമാതാക്കളുടെ സംഘടനാ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഉച്ചക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഇന്നലെ നടത്താൻ തീരുമാനിച്ചെങ്കിലും ഭാരവാഹികൾ എത്താത്തതിനെ തുടർന്ന് യോഗം ഇന്ന് നടത്താൻ മാറ്റിവെക്കുകയായിരുന്നു. പുതിയ സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കാതിരിക്കുന്നതടക്കമുള്ള നടപടികളിൽ യോഗത്തിൽ തീരുമാനമുണ്ടാകും.
നിർമാതാവ് ജോബി ജോർജിൻറെ ‘വെയിൽ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഷെയിൻ നിഗം ഇറങ്ങിപ്പോയത്. നിലവിൽ ഷൂട്ടിങ് തുടരുന്ന സിനിമകൾ ഷെയിൻ പൂർത്തിയാക്കിയില്ലെങ്കിൽ പുതിയ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാനാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
സിനിമയുടെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയ ഷെയിൻ മുടി പാടെ വെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.ശരത് സംവിധാനം ചെയ്യുന്ന വെയിലിൽ മുടിയും താടിയും നീട്ടിയുള്ള രൂപമാണ് ഷെയിനിന്റേത്.
ഷെയിൻ സഹകരിക്കാത്തതിനാൽ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ ഷെയിൻ രൂപമാറ്റം വരുത്തരുതെന്ന് കരാറുണ്ടാക്കിയിരുന്നു. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലും രൂപമാറ്റം വരുത്തരുതെന്ന് മുന്നറിയിപ്പ് നൽകിയതാണ്. കരാർ ലംഘിച്ചത് ഗൗരവമായി കാണാനാണ് തീരുമാനം.
shane nigam, producers association meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here