കൊല്ലത്ത് കെഎസ്‌യു നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലത്ത് കെഎസ്‌യു നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് പരുക്കേറ്റു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെ യൂണിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു മാര്‍ച്ച് നടത്തിയത്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് വഴിയില്‍ തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കൈയാങ്കളിയായി. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിന് ശേഷവും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്.

ലാത്തിച്ചാര്‍ജില്‍ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് പരുക്കേറ്റു. പിന്നാലെ പൊലീസ് ഒരിക്കല്‍ കൂടി ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ചിനെ തുടര്‍ന്ന് ഏറെ നേരം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top