അധ്യയനം ആരംഭിക്കാനുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ നീക്കത്തിനെതിരെ വിദ്യാർത്ഥികൾ

സമരം തുടരുന്നതിനിടെ അധ്യയനം ആരംഭിക്കാനുള്ള ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ. ഹോസ്റ്റൽ ഫീസ് വർധനവ് പിൻവലിക്കാതെ
ക്ലാസുകൾ ആരംഭിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ക്ലാസുകൾ ആരംഭിക്കാനുള്ള നിർദേശം അധ്യാപകർക്ക് ജെഎൻയു അധികൃതർ നൽകിയത്. എന്നാൽ, വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ അന്തിമ തീരുമാനമാകാതെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിക്കില്ലെന്നാണ് സർവകലാശാല യൂണിയന്റെ തീരുമാനം.
വിദ്യാർത്ഥികൾ അടച്ചിട്ട ചില ബ്ലോക്കുകളുടെ താഴുകൾ അധികൃതർ തകർത്തിരുന്നു. ബലപ്രയോഗത്തിലൂടെ ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സമരം ഒത്തു തീർപ്പാക്കാൻ മാനവ വിഭവശേഷി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ശുപാർശകൾ തങ്ങൾക്ക് അനുകൂലമായിരിക്കണമെന്നും അതുവരെ ക്ലാസുകൾ തുടങ്ങരുതെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അടുത്ത ദിവസം വിദ്വാർത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം ചർച്ച നടത്താനും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here