നവംബറിൽ ജിഎസ്ടി വരുമാനം 1.03 ലക്ഷം കോടി; കണക്കുകൾ പുറത്തുവിട്ട് ധനകാര്യമന്ത്രാലയം

കഴിഞ്ഞ മാസം ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിലധികം. ആകെ നികുതി വരുമാനത്തിൽ ആറ് ശതമാനത്തിന്റെ വർധനയും ഉണ്ടായി. 2017 ജൂലൈയിൽ ജിഎസ്ടി വന്നതിന് ശേഷം ഇത് എട്ടാമത്തെ തവണയാണ് നികുതി വരുമാനം ലക്ഷം കോടി കടക്കുന്നത്.
ജിഎസ്ടി വരുമാനത്തിൽ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത് മൂന്ന് മാസത്തിന് ശേഷമാണ്. ആകെ 1.03 ലക്ഷം കോടിയാണ് ജിഎസ്ടിയിൽ നിന്ന് വരുമാനമായി സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ തന്നെ ഏറ്റവും വലിയ നികുതി വരുമാനമാണിത്.
കഴിഞ്ഞ മാസത്തിലുണ്ടായിരിക്കുന്നത് ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുളള മൂന്നാമത്തെ ഏറ്റവും കൂടിയ വരുമാനമാണ്. ഒക്ടോബറിൽ 95,380 കോടിയാണ് ജിഎസ്ടി വരുമാനം.
കഴിഞ്ഞ വർഷം നവംബറിൽ 97,637 കോടിയായിരുന്നു സർക്കാരിന് നികുതി ഇനത്തിൽ ലഭിച്ചത്. ലക്ഷ്യമിട്ടിരിക്കുന്നത് ഒരു മാസം ഒരു ലക്ഷം കോടി രൂപ വരുമാനം ജിഎസ്ടിയിലൂടെ നേടുകയെന്നതാണ്.
ആകെ വരുമാനമായി ലഭിച്ച 1,03,492 കോടിയിൽ 19,592 കോടി രൂപ കേന്ദ്ര ജിഎസ്ടിയിൽ നിന്നും 27,144 കോടി രൂപ സംസ്ഥാന ജിഎസ്ടിയിൽ നിന്നുമാണ്.
49,028 കോടി രൂപ സംയോജിത ജിഎസ്ടി (ഐജിഎസ്ടി) വിഹിതമായും പിരിച്ചു. ഐജിഎസ്ടിയിൽ 20,948 കോടി രൂപ ഇറക്കുമതിയിൽ നിന്ന് കിട്ടിയതാണ്. സെസ്സിൽ നിന്ന് 7,727 കോടിയും പിരിഞ്ഞുകിട്ടിയിരിക്കുന്നു, 869 കോടി ഇറക്കുമതി സെസ്സായാണ് ലഭിച്ചിരിക്കുന്നത്.
gst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here