എല്ലാ വകുപ്പുകളും ഒന്നുപോലെയല്ലേ, എല്ലാവർക്കും ശമ്പളം നൽകുമ്പോൾ കെഎസ്ആർടിസി ജീവനക്കാരെ മാത്രം മാറ്റിനിർത്തുന്നു; മന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ആനത്തലവട്ടം ആനന്ദൻ

ഗതാഗത മന്ത്രി എകെ ശശീന്ദ്രനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദൻ. ശത്രുക്കൾ നടത്തുന്ന തൊഴിലാളി വിരുദ്ധ കാര്യങ്ങൾക്ക് സാക്ഷ്യം പറയുന്നതല്ല മന്ത്രിയുടെ ജോലി. എല്ലാ വകുപ്പുകളും ഒന്നുപോലെയല്ലേ, എല്ലാവർക്കും ശമ്പളം നൽകുമ്പോൾ കെഎസ്ആർടിസി ജീവനക്കാരെ മാത്രം മാറ്റിനിർത്തുകയാണ്. മന്ത്രിക്ക് വേറെ വകുപ്പൊന്നും ഭരിക്കാനില്ലല്ലോയെന്നും കെഎസ്ആർടിസിയുടെ കാര്യം നോക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സിഐടിയു യൂണിയൻ അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.
പ്രതിസന്ധിക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, ശമ്പളം കൃത്യമായി നൽകുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സമരം. നൂറ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 250 പേരാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നത്. സർക്കാർ ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നത് വരെ സമരം തുടരാനാണ് അസോസിയേഷൻ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here