ട്വന്റി ഫോറിന് രാജ്യാന്തര പുരസ്കാരം; ടോം കുര്യാക്കോസ് മികച്ച ക്രൈം റിപ്പോർട്ടർ

നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ‘ജുവൽ ഓഫ് നേഷൻ’ രാജ്യാന്തര മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ട്വൻറിഫോറിലെ കൊച്ചി റീജണൽ ബ്യൂറോ ചീഫ് ടോം കുര്യാക്കോസിനാണ് മികച്ച ക്രൈം ആൻഡ് കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം.
കുറ്റാന്വേഷണ പരമ്പരയായ സിഐഡിയിലെ മികച്ച അവതരണവും ഇറ്റലിലേക്കുള്ള മനുഷ്യക്കടത്ത്, കളമശേരിയിലെ പെൺവാണിഭ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണവുമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഇതോടൊപ്പം മികച്ച വാർത്താ അവതരണത്തിന് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിനും മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനും അവാർഡ് നൽകും.
കൂടാതെ മാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടുകൾക്ക് എൻകെ ഷിജു, ബീന റാണി തുടങ്ങിയവരും പുരസ്‌കാരത്തിന് അർഹരായി. ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനത്തിന് മന്ത്രി കെകെ ശൈലജയെയും, കൊച്ചിയെ മാലിന്യമുക്ത നഗരമാക്കാൻ പരിശ്രമിച്ച കൊച്ചി മേയർ സൗമിനി ജെയിനേയും ആദരിക്കും.
ഈ മാസം പത്തിന് കൊച്ചി ഗ്രാന്റ് ഹയാത്തിൽ വച്ച് അവാർഡ് ദാന ചടങ്ങ് നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ നാഷണൽ ആന്റി ക്രൈം ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോക്ടർ ദിവാശ് തമങ് ലാം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here