കെപിസിസി പുനഃസംഘടനയിൽ കാലതാമസം പാടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി പുനഃസംഘടനയിൽ കാലതാമസം പാടില്ലെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടത്. കാര്യക്ഷമതയുള്ള നേതാക്കളാണ് കെപിസിസിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും കേരളത്തിലെയും നേതാക്കളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് പുനഃസംഘടന സംബന്ധിച്ച തീരുമാനം ഇനി എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാത്രമല്ല, ഒരാൾക്ക് ഒരു പദവി എന്ന മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ടുവച്ച മാനദണ്ഡത്തിൽ എഗ്രൂപ്പ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഐഗ്രൂപ്പ് എതിർപ്പ് പ്രകടമാക്കുകയാണ് ചെയ്തത്.
കാര്യപ്രാപ്തിയുള്ള ജനപ്രതിനിധികൾ തന്നെയാണ് എംഎൽഎമാരും എംപിമാരും. ഇവർ ജനപ്രതിനിധികളായതുകൊണ്ട് പാർട്ടി നേതൃത്വത്തിൽ നിന്ന് ഒഴിവാക്കാൻ പാടില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ, തെരഞ്ഞടുപ്പിന് ഒരു വർഷം ബാക്കി ഉള്ളപ്പോൾ എംപിംമാർക്ക് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും പാർലമെന്റിൽ കോൺഗ്രസ് എംപിമാരുടെ എണ്ണത്തിൽ കുറവ് ഉള്ള സാഹചര്യത്തിൽ നിലവിലുള്ള എംപിമാർ കാര്യപ്രാപ്തിയോടുകൂടി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ പാർട്ടി ചുമതല അവരെ ഏൽപ്പിക്കുമ്പോൾ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
എംഎൽഎമാരുടെ കാര്യത്തിലും ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പാർട്ടി ചുമതലയും മണ്ഡലത്തിന്റെ പ്രവർത്തനവും എംഎൽഎമാരുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ട് തന്നെ ജനപ്രതിനിധികൾ പാർട്ടി ഭാരഹാഹികൾ ആവരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപ്പള്ളി ചുണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച നടന്ന ഡിസിസി യോഗത്തിലും ജംബോകമ്മിറ്റി സംബന്ധിച്ച അതൃപ്തി മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചിരുന്നു. എകെ ആന്റണയും തെന്നലി രാമകൃഷ്ണ പിള്ളയും ഒഴികെയുള്ള ആളുകൾ അവരവരുടെ നോമിനികളെ പാർട്ടി ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
മാത്രമല്ല, ഗ്രൂപ്പ് സമ്മർദങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നുള്ള മുല്ലപ്പള്ളിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്ന സ്ഥിതിയാണ് പാർട്ടിയ്ക്കുള്ളിൽ നിലനിൽക്കുന്നത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുഗൾ വാസനിക് തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here