മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം; പ്രശ്‌ന പരിഹാരത്തിന് ബാർ കൗൺസിൽ അംഗങ്ങൾ

മജിസ്ട്രേറ്റിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകരും മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ അംഗങ്ങൾ ഇന്ന് വഞ്ചിയൂർ കോടതിയിലെത്തും. അഭിഭാഷകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ഈ മാസം അഞ്ചിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കും. സംഭവങ്ങൾ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യമാണ് അഭിഭാഷകർക്കുള്ളത്.
മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നത്തിൽ കേരള ബാർ കൗൺസിൽ ഭാരവാഹികളും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ ഇന്നലെ ചർച്ച നടത്തിയിരിന്നു. ഇതിന്റെ തുടർച്ചയെന്നോണം പ്രശ്‌നപരിഹാരത്തിന് വേണ്ടിയാണ് ബാർ കൗൺസിൽ ഭാരവാഹികൾ ഇന്ന് വഞ്ചിയൂരിലെത്തി അഭിഭാഷകരെ കാണുന്നത്. അഭിഭാഷകർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും, അഭിഭാഷകരായി അഞ്ചുവർഷമെങ്കിലും പ്രാക്ടീസ് ചെയ്തവരെ മാത്രം മജിസ്‌ട്രേറ്റ് നിയമനത്തിന് പരിഗണിക്കാവൂ എന്ന നിർദേശവും വഞ്ചിയൂർ ബാർ അസോസിയേഷൻ, ബാർ കൗൺസിലിന് മുന്നിലേക്ക് വയ്ക്കും. വിവാദമായ സംഭവങ്ങളെപ്പറ്റി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യവും അഭിഭാഷകർക്കുണ്ട്. മജിസ്‌ട്രേറ്റ് ദീപയ്‌ക്കെതിരെ നേരത്തെയും അഭിഭാഷകർ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല മജിസ്‌ട്രേറ്റ് കേസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന വിമർശനവും അഭിഭാഷകർക്കുണ്ട്. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ഈ മാസം അഞ്ചിന് ചീഫ് ജസ്റ്റിസിന് കൈമാറും. അതിന് ശേഷമായിരിക്കും ഹൈക്കോടതി തുടർ നടപടികൾ തീരുമാനിക്കുന്നത്.
Story highlights- bar council, vanchiyoor court, magistrate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here