ഇന്നലെ മാത്രം രണ്ടരലക്ഷം രൂപ പിഴ; ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി ഗതാഗത വകുപ്പ്

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയത് ഡിസംബർ ഒന്നു മുതലാണ്. ആദ്യദിവസം പിഴ ഈടാക്കാതെ ബോധവൽക്കരണമാണ് നടത്തിയത്. എന്നാൽ രണ്ടാം ദിവസം മുതൽ ഗതാഗത വകുപ്പ് പിഴ ഈടാക്കി തുടങ്ങി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയിൽ പരിശോധന കർശനമാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഹെൽമറ്റില്ലാതെ വാഹനം ഓടിച്ച 455 പേരിൽ നിന്ന് ഇന്നലെ പിഴ ഈടാക്കി. പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത 91 പേരിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.
സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിച്ചതിന് 77 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഈ മൂന്ന് വിഭാഗങ്ങളിൽ നിന്നായി സംസ്ഥാനത്തൊട്ടാകെ 2,50,500 രൂപയാണ് പിഴയായി ഈടാക്കിയത്. ഇതിന് പുറമെയാണ് പൊലീസിന്റെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധന കർശനമായി തുടരാൻ തന്നെയാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം ഗുണനിലവാരമില്ലാത്ത ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരേയും ചിൻസ്ട്രാപ്പിടാതെ ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കെതിരേയും പിഴ ഈടാക്കാനാണ് തീരുമാനം.
Story highlights- helmet, seat belt, Strict instruction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here