നടിയെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതി പിടിയിൽ

നടിയെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി പിടിയിൽ. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ സനൽ കുമാറാണ് പിടിയിലായത്. ഈ മാസത്തിനകം സനൽ കുമാറിനെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചു വരുത്തിയിരുന്നു.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിനിടെയാണ് സനൽ കുമാറിനെ ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്.
Read Also : നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പരിശോധിക്കാനുള്ള വിദഗ്ധൻ ആരെന്ന് അറിയിക്കണമെന്ന് കോടതി
ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിയ്ക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ചു. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ ആൻറണി പിടിയിലായി. സുനിൽകുമാർ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനേയും വിജീഷിനേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി. കേസിൽ ജൂൺ 18ന് സുനിൽകുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ്
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്. ജൂലൈ 10നാണ് കേസിൽ ദിലീപ് അറസ്റ്റിലാവുന്നത്. ആലുവ പൊലീസ് ക്ലബിൽവെച്ച് ദിലീപിനെ വൈകിട്ട് ആറരയോടെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here