ആൽഫബെറ്റിന്റെ ഭരണ നിർവഹണത്തിൽ നിന്നും ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും പടിയിറങ്ങുന്നു

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഭരണ നിർവഹണത്തിൽ നിന്നും ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും പടിയിറങ്ങി. 21 വർഷത്തെ സേവനത്തിനു ശേഷമാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്. ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചെ ആൽഫബെറ്റിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കും.
ഇന്നലെയാണ് 21 വർഷത്തെ സേവനം അവസാനിപ്പിച്ച് ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും മാതൃ കമ്പനിയായ ആൽഫബെറ്റ് വിട്ടത്. ഇത്രയും കാലം കമ്പനിയുടെ ദൈനം ദിനകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചതിൽ അഭിമാനിക്കുന്നതായി ലാറി പേജും സെർജി ബ്രിന്നും ബ്ലോഗിൽ കുറിച്ചു.
അതേസമയം, ഇരുവരും കമ്പനി ബോർഡിൽ അംഗങ്ങളായി തുടർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചെ ആൽഫബെറ്റിൻറെ പുതിയ സിഇഒയായി ചുമതലയേൽക്കും. കഴിഞ്ഞ നാലു വർഷത്തോളമായി ഗൂഗിളിന്റെ സിഇഒയാണ് സുന്ദർ പിച്ചെ. കുറച്ച് മാസങ്ങളായി ബ്രിന്നും പേജും കമ്പനി മീറ്റിംഗുകളിൽ നിന്ന് വിട്ടു നിൽക്കുന്നതായി വാർത്തകളുണ്ടായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് ഇപ്പോൾ കമ്പനിക്ക് ഉണ്ടെന്നാണ് പടിയിറക്കത്തിന് കാരണമായി ഇരുവരും വ്യക്തമാക്കിയത്.
അതേസമയം, ആൽഫബെറ്റിന്റെ 51 ശതമാനം വോട്ടിംഗ് ഷെയറും ഇപ്പോഴും ഇരുവരുടെയും കൈവശമാണ്. ഏപ്രിലെ കണക്കനുസരിച്ച് 26.1 ശതമാനം വോട്ടിംഗ് പവറും പേജിന്റെ കൈവശമാണ്. 25.25 ശതമാനം വോട്ടിംഗ് പവർ പ്രസിഡന്റായിരുന്ന ബ്രിന്നിന്റെ കൈവശമുണ്ട്. 1 ശതമാനത്തിനു താഴെ മാത്രമാണ് പിച്ചെയുടെ ഷെയർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here