അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

സിസ്റ്റർ അഭയ കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം പത്ത് വരെയാണ് വിചാരണ തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഡോക്ടർമാരുടെ സാക്ഷി വിസ്താരത്തിനെതിരെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ നടപടി.
നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2007ൽ നാർകോ അനാലിസിസ് നടത്തിയ ഡോ. എൻ. ക്യഷ്ണവേണി, ഡോ. പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ സിബിഐ കോടതി നോട്ടീസ് അയച്ചതിനെ തുടർന്ന് ഇതിനെതിരെ വിചാരണ കോടതിയെ സമീപിച്ചതായി ഹർജിയിൽ പറയുന്നു. ഇവരുടെ വിസ്താരം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹർജി. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളുടെ സമ്മതത്തോടെ നാർക്കോ അനാലിസിസ് നടത്തിയാലും വെളിപ്പെടുന്ന കാര്യങ്ങൾ തെളിവായി ഉപയോഗിക്കാനാവില്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് വിസ്താരം താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here