Advertisement

ഐഎഫ്എഫ്കെ; മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ

December 4, 2019
1 minute Read

ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ മത്സര വിഭാഗത്തിലുള്ളത് രണ്ട് മലയാള ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, ക്രിഷന്ത് ആർകെയുടെ വൃത്താകൃതിയിലുള്ള ചതുരം എന്നീ സിനിമകളാണ് മത്സര വിഭാഗത്തിൽ മലയാളത്തിൻ്റെ അടയാളപ്പെടുത്തലായി ഉള്ളത്. ആകെ 14 ചിത്രങ്ങളാണ് മേളയിൽ പരസ്പരം മത്സരിക്കുക.

ജല്ലിക്കട്ടിനെപ്പറ്റി ഏറെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. ടൊറൻ്റോ ചലച്ചിത്രോത്സവത്തിലും ഗോവൻ ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ച ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും നേടി. ലണ്ടൻ, ബുസാൻ ചലച്ചിത്ര മേളകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജല്ലിക്കട്ടിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഗോവൻ മേളയിലെ ഏറ്റവും മികച്ച സംവിധായകനെന്ന പുരസ്കാരം ലിജോ ജോസ് സ്വന്തമാക്കിയിരുന്നു. ഒരു ഗ്രാമത്തിൽ അറുക്കാനെത്തിക്കുന്ന പോത്ത് ചാടിപ്പോകുന്നതും അതിനെ പിന്തുടരുന്ന ജനങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ്റെ മൃഗീയ വാസനയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ക്രിഷന്ത് ആർകെ അണിയിച്ചൊരുക്കിയ വൃത്താകൃതിയിലുള്ള ചതുരം, മരണവും മരണത്തെ മനുഷ്യർ പരിചരിക്കുന്ന രീതിയുമാണ് സംസാരിക്കുന്നത്. മണിയിൽ അച്ഛൻ്റെ മരണം ഉണ്ടാക്കുന്ന ‘അസാധാരണമായ’ ചില രീതികളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയ കൃഷന്തിൻ്റെ ആദ്യ ഫീച്ചർ ഫിലിമാണിത്.

രണ്ട് മലയാള ചിത്രങ്ങളോടൊപ്പം ഫഹിം ഇർഷാദ് സംവിധാനം ചെയ്ത ആനി മാനി എന്ന ചിത്രവും റാഹത് കാസ്മി അണിയിച്ചൊരുക്കിയ ലിഹാഫ് എന്ന ചിത്രവും ഹിന്ദി ഭാഷയിൽ ഇന്ത്യയിൽ നിന്നും മത്സരവിഭാഗത്തിലുള്ള മറ്റ് രണ്ട് സിനിമകളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top