മാര്‍ക്ക്ദാന വിവാദം: മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല: ഗവര്‍ണര്‍

മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ഇടപെല്‍ നിയമവിരുദ്ധമാണെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സര്‍വകലാശാല സ്വീകരിച്ച നടപടികള്‍ തെറ്റാണെന്നും തീരുമാനം പിന്‍വലിച്ച് അവര്‍ തന്നെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആലപ്പുഴയില്‍ പറഞ്ഞു. അതിനിടെ, മന്ത്രി അധികാരവിനിയോഗം നടത്തിയെന്ന ഗവര്‍ണറുടെ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.
2018 ഫെബ്രുവരി 28ന് മന്ത്രി കെ ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടുവന്നാണ് ഗവര്‍ണറുടെ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ട്. പുനര്‍മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥി വിജയിച്ചതും വൈസ് ചാന്‍സലര്‍ അംഗീകരിച്ചതും ഗുരുതര വീഴ്ചയാണ്.
ചാന്‍സിലറെ അറിയിക്കാതെ മന്ത്രി അദാലത്തില്‍ പങ്കെടുത്തത് തെറ്റാണ്. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന വിസിയുടെ വിശദീകരണം തള്ളണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്. എന്നാല്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറയുന്നു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രി നേരിട്ട് ഇടപെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ സര്‍വകലാശാലയിലെ ഉന്നതര്‍ക്കടക്കം വിഷയത്തില്‍ തെറ്റ് പറ്റിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മാര്‍ക്ക് ദാനത്തില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 16നു വിസിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ക്ലീന്‍ചിറ്റുമായി ഗവര്‍ണറെത്തിയത് കെ ടി ജലീലിനും സര്‍ക്കാരിനും ആശ്വാസമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here