വഞ്ചിയൂർ കോടതി മജിസ്‌ട്രേറ്റ്- അഭിഭാഷക തർക്കം: ബാർ കൗൺസിൽ പ്രതിനിധികൾ ഇന്ന് ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകും

വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേറ്റ്- അഭിഭാഷക വിഷയത്തിൽ ചീഫ് ജസ്റ്റിസിന് ബാർ കൗൺസിൽ പ്രതിനിധികൾ ഇന്ന് റിപ്പോർട്ട് നൽകും. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നേരിട്ടെത്തി ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് വയ്ക്കുന്നത്.
ഇതിന് മുന്നോടിയായി ഇന്നലെ കൊച്ചിയിൽ അഭിഭാഷക സംഘടനകളുടെ യോഗം ചേർന്നിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ആവശ്യമാണ് ബാർ കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്.
നേരത്തെ തർക്കം പരിഹരിച്ചുവെന്നു കോടതിയിൽ പരിശോധനയ്‌ക്കെത്തിയ ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ പറഞ്ഞിരുന്നു. എന്നാൽ ദീപ മോഹന്റെ കോടതി ബഹിഷ്‌കരിക്കുന്നത് തുടരാൻ തന്നെയാണ് ബാർ അസോസിയേഷന്റെ തീരുമാനം. അതേസമയം മജിസ്‌ട്രേറ്റിന്റെ പാരാതിയിൽ അഭിഭാഷകർക്കെതിരെയുള്ള കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം വഞ്ചിയൂർ കോടതിയിൽ പരിശോധനയ്‌ക്കെത്തിയത്. കോടതിയിലെ മജിസ്‌ട്രേറ്റ് അഭിഭാഷക തർക്കത്തെക്കുറിച്ചു സംഘം പലരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജില്ലാ ജഡ്ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തർക്കം പരിഹരിച്ചുവെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here