Advertisement

വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ആക്രമണം; കടുത്ത പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ

December 5, 2019
1 minute Read

സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ. വിഷയം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇരയായ മാധ്യമ പ്രവർത്തകക്കെതിരെ രാധാകൃഷ്ണൻ അപവാദ പ്രചരണം നടത്തുന്നുവെന്നും നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നും പരാതിയിൽ പറയുന്നു.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,

ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകർ, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവർത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള ) മുന്നിൽ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനൽ സ്വഭാവം ഞങ്ങൾ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാൽ അതിനേക്കാൾ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂർണമായും തകർക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങൾ. എഫ് ഐ ആർ എടുത്ത ജാമ്യമില്ലാ കേസ് നില നിൽക്കുമ്പോൾ തന്നെ രാധാകൃഷ്ണൻ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകൾ ഇറക്കിയിട്ടുണ്ട് ( അയാൾ അയച്ച മെയിൽ പരിശോധിച്ചാൽ ഇതു മനസ്സിലാകും )
.
രാധാകൃഷ്ണന്റെയും സത്യം അറിയാൻ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങൾ വീണ്ടും ഉൽക്കണ്ഠപ്പെടുകയാണ് .

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴിൽ എടുക്കുന്നവരാണ് ഞങ്ങൾ. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂർവവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യർത്ഥിക്കുന്നു.

സംഭവത്തിൽ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണനോടൊപ്പം അശ്വിന്‍, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവർ കൂടി കേസിൽ പ്രതികളാണ്. ഐ.പി.സി 143, 147, 149, 323, 342, 354, 451 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേരള കൗമുദിയിലെ പ്രൂഫ് റീഡറായ രാധാകൃഷ്ണൻ്റെ സദാചാര ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരള കൗമുദി ചീഫ് എഡിറ്റർക്കും നെറ്റ് വർക്ക് ഓഫ് വിമൺ ഇൻ മീഡിയ കത്തയച്ചിട്ടുണ്ട്. സംഘടനയുടെ നേതൃത്വത്തിൽ പ്രസ് ക്ലബിനു മുന്നിൽ പ്രതിഷേധം നടക്കുകയാണ്.

ഏഴും എട്ടും വയസുള്ള രണ്ടു കുട്ടികളുള്ള മാധ്യമപ്രവര്‍ത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു രാധാകൃഷ്ണനും സംഘവും ആക്രമണം നടത്തിയത്. യുവതിയുടെ സഹപ്രവർത്തകൻ വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകനായ യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവർ ആക്രമണം നടത്തിയത്.

Story Highlights: Moral Policing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top