‘പ്രതികളെ വെടിവച്ച് കൊല്ലാനാണെങ്കിൽ കോടതിയും നിയമവും എന്തിന്?’ ഹൈദരാബാദ് പ്രതികളെ കൊന്ന സംഭവത്തിൽ മനേക ഗാന്ധി

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന് കത്തിച്ച പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി
ബിജെപി നേതാവ് മനേക ഗാന്ധി. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കുന്നതിന് മുൻപ് പ്രതികളെ വെടിവച്ച് കൊലപ്പെടുത്താനാണെങ്കിൽ, കോടതികളും നിയമവും എന്തിനാണെന്ന് മനേക ഗാന്ധി. പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലാൻ വിധിച്ചേനെയെന്നും മനേക ഗാന്ധി പറഞ്ഞു.
ഹൈദരാബാദ് കേസിലെ പ്രതികളെ ഇന്ന് പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊന്നത്. തെളിവെടുപ്പിനിടെ കുറ്റകൃത്യം പുനഃരാവിഷ്‌കരിക്കുമ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിവച്ചത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് കൊന്നത്. കേസിൽ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
നവംബർ 28ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങി. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. ഇതിനിടെ വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.
Story highlights- gang rape, telengana, maneka gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here