ആൾ ദൈവം നിത്യാനന്ദയെ സഹായിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഇക്വഡോർ

വിവാദ ആൾ ദൈവം നിത്യാനന്ദയെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്ന് ഇക്വഡോർ. രാഷ്ട്രീയ അഭയം നൽകുകയോ സൗത്ത് അമേരിക്കയിൽ ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ എംബസി ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും നിത്യാനന്ദയുടെ അഭ്യർത്ഥന തങ്ങൾ തള്ളിയതായും നിത്യാനന്ദ ഹെയ്തിയിലേക്ക് പോയതായും എംബസി വ്യക്തമാക്കുന്നു.
ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ ‘കെലാസ’എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എംബസി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് തന്റെ രാജ്യമെന്നും ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ ആണിതെന്നും നിത്യാനന്ദ വെബ് സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു.
ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ നിത്യാനന്ദ രാജ്യം വിട്ടത്. മാത്രമല്ല, രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here