ഗോകുലം എഫ്സി -ഇന്ത്യന്‍ ആരോസ് മത്സരം ഇന്ന്; വൈകിട്ട് അഞ്ച് മുതല്‍ ട്വന്റിഫോറില്‍ തത്സമയം

ഐലീഗില്‍ ഗോകുലം കേരള എഫ്സിയുടെ ആദ്യ എവേ മത്സരം ഇന്ന് നടക്കും. ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസാണ് ഗോകുലത്തിന്റെ എതിരാളികള്‍. വൈകിട്ട് അഞ്ച്മണിമുതല്‍ ട്വന്റിഫോറില്‍ മത്സരം മലയാളം കമന്ററിയോടെ തത്സമയം കാണാം.
ഐലീഗില്‍ ജയം തുടരാനാണ് ഗോകുലം ഇന്ന് ഇറങ്ങുന്നത്. നെരോക്ക എഫ്സിയോടുള്ള ജയം ഗോവയിലും ആവര്‍ത്തിക്കാമെന്നാണ് പ്രതീക്ഷ. ഫെര്‍ണാണ്ടോ വലേരയുടെ കീഴില്‍ ടീമിന് ആത്മവിശ്വാസം ഏറെയാണ്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ടീമിന്റെ തുറുപ്പുചീട്ട്. കൂട്ടിന് ഹെന്റി കിസേക്കയുമുണ്ട്. മധ്യനിരയില്‍ നഥാനിയേല്‍ ഗാര്സിയും ഫോമിലാണ്. ഗോള്‍വല കാക്കാന്‍ ഉബൈദ്, പ്രതിരോധനിരയും സുസജ്ജമായാല് വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ ഇന്ത്യന്‍ ഫുട്ബോളിലെ യുവത്വത്തെ അണിനിരത്തിയാണ് ആരോസ് കളത്തിലിറങ്ങുന്നത്. ആശിഷ്മിശ്ര, അജിന് ടോം, വിക്രം പാര്‍ത്ഥ സിംഗ് എന്നിവര്‍ നിസാരക്കാരല്ല. മൈതാനത്ത് അത്ഭുതം തീര്‍ക്കാനുറച്ചാണ് കൗമാരപടയുടെ വരവ്. ഇന്ന് ജയിച്ചാല്‍ ഗോകുലത്തിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.
ഇന്നത്തേതുള്‍പ്പെടെ ഗോകുലത്തിന്റെ 19 മത്സരങ്ങള്‍ മലയാളം കമന്ററിയോടെ ട്വന്റിഫോറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇക്കാര്യത്തില്‍ ഐ-ലീഗ് ഔദ്യോഗിക സംപ്രേഷകരായ ഡി സ്പോര്‍ട്സുമായി ട്വന്റിഫോര്‍ ധാരണയായിട്ടുണ്ട്. ഗോകുലം എഫ്സിയുടെ സിഇഓ വിസി പ്രവീണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണില്‍ ഗോകുലത്തിന്റെ കളികള്‍ ഫ്ളവേഴ്സ് ചാനല്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here