മാതൃകാഗ്രാമം പദ്ധതിയുടെ നിർമാണത്തിൽ വൻ ക്രമക്കേട്; സബ് കളക്ടറുടെ റിപ്പോർട്ട് പുറത്ത്

ഇടുക്കി വട്ടവട പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മാതൃകാഗ്രാമം പദ്ധതിയുടെ നിർമാണത്തിൽ വൻ ക്രമക്കേടെന്ന് സബ്കളക്ടറുടെ റിപ്പോർട്ട്. മാതൃകാഗ്രാമ നിർമാണം പരിസ്ഥിതിക്ക് വൻനാശമുണ്ടാക്കുമെന്നും കണ്ടത്തൽ. പദ്ധതിയെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം സബ്കളക്ടർ, ജില്ലാകളക്ടർക്ക് നൽകിയ റിപ്പോർട്ട് പുറത്തുവന്നു.

വട്ടവട മാതൃകാ ഗ്രാമം പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് കളക്ടർ പ്രേംകൃഷ്ണ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. എസ്‌സി പുനരധിവാസത്തിന് വട്ടവട പഞ്ചായത്ത് ‘മാതൃകാഗ്രാമം’ നിർമിക്കുന്നത് റവന്യൂഭൂമിയിലാണന്നും, പഞ്ചായത്ത് തീരുമാനിച്ച ഭൂമിയും നിർമാണം നടക്കുന്ന ഭൂമിയും വ്യത്യസ്തമാണെന്നും വ്യക്തമായി. 80 ലക്ഷം രൂപയുടെ നിർമാണം ഇതുവരെ നടന്നെന്ന് പഞ്ചായത്ത് അവകാശപ്പെട്ടെങ്കിലും 10 ലക്ഷത്തിന്റെ നിർമാണം പോലും നടന്നിട്ടില്ല. 4 വീടുകൾ വീതം വരുന്ന 27 കെട്ടിടങ്ങൾ ആണ് പദ്ധതിയിൽ ഉള്ളത്.

Read Also : ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

നിലവിൽ ഭൂമി നിരപ്പാക്കി മണ്ണ് റോഡ് മാത്രമാണ് നിർമിച്ചത്. പരിസ്ഥിതിലോല മേഖലയിൽ 15 മീറ്റർ ആഴത്തിൽ വരെ മണ്ണ് നീക്കം ചെയ്താണ് തറ നിരപ്പാക്കിയത്. ഇത് ഭാവിയിൽ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകാം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അനധികൃത നിർമാണം നിർത്താനും സബ്കളക്ടർ ശുപാർശ ചെയ്തു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ജില്ലാകളക്ടറെ സബ്കളക്ടർ അറിയിച്ചു.

അതേസമയം, സബ് കളക്ടറുടെ കണ്ടെത്തൽ അടിസ്ഥനാ രഹിതമാണെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാർത്തകൾ സൃഷ്ടിച്ച് ആളാകാനാണ് സബ് കളക്ടറുടെ ശ്രമമെന്നും, ബന്ധപെട്ട രേഖകൾ അധികാരികളെ കാണിച്ചതാണെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.

Story Highlights : Idukki, Collector report, Corruption

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top