കാലാവസ്ഥാ ഉച്ചകോടി; ഗ്രേറ്റ തുൻബർഗ് സ്‌പെയിനിലെത്തി

സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബർഗ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി സ്‌പെയിനിലെ മാഡ്രിഡിലെത്തി. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉറച്ച പരിഹാരങ്ങളിലേ്ക്ക് ലോകരാജ്യങ്ങൾ എത്തിച്ചേരണമെന്ന് അഭ്യർത്ഥിച്ച ഗ്രേറ്റ, അധികാരത്തിലിരിക്കുന്നവർ കാലാവസ്ഥാ പ്രതിസന്ധിയുടെ ആഴം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
തന്നെപ്പോലെയുള്ള ഒരാൾ വലിയൊരു പ്രസ്ഥാനത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്നും കൂടുതൽ കാലാവസ്ഥാ പ്രവർത്തകരെ ആവശ്യമാണെന്നും ഗ്രേറ്റ തുൻബർഗ് മാഡ്രിഡിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമൂഹികനീതിയെക്കുറിച്ച് നാം ചർച്ച ചെയ്യുമ്പോൾ പരിസ്ഥിതി നീതിയെക്കുറിച്ചും നാം ചിന്തിക്കണം. ചിലർ മാറ്റങ്ങളെ ഭയപ്പെടുന്നു. ഞങ്ങൾ കുട്ടികൾ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് അവർ തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നതെന്ന് ഗ്രേറ്റ തുൻബർഗ് പറഞ്ഞു. ഡോണൾഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കൾക്ക് നൽകാനുള്ള സന്ദേശമെന്താണെന്ന ചോദ്യത്തിന് ശരിയായ നടപടികളെടുക്കാതെ ദിവസങ്ങൾ കളയാൻ നമ്മുക്കില്ല എന്നായിരുന്നു ഗ്രേറ്റയുടെ മറുപടി. കാലാവസ്ഥാ പ്രതിസന്ധിയെ അവഗണിക്കരുതെന്നും ഗ്രേറ്റ ആവശ്യപ്പെട്ടു.
കുട്ടികളായ കാലാവസ്ഥാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഫലപ്രദമാകാൻ അധികാരത്തിലിരിക്കുന്നവരിൽ നിന്ന് ചില നടപടികളുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ കാത്തിരിക്കാനാകില്ലെന്നും ഗ്രേറ്റ തുൻബർഗ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഉച്ചകോടി തുടങ്ങിയത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ മാർഗനിർദേശങ്ങൾ ലോകരാഷ്ട്രങ്ങൾ നടപ്പിലാക്കേണ്ടതിനെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച നടക്കും. ഡിസംബർ 13ന് ഉച്ചകോടി സമാപിക്കും.
Story highlights – greta thunberg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here