കോട്ടയത്ത് അമ്മയെയും മകളെയും നടുറോഡിൽ മർദിച്ചയാൾ പിടിയിൽ

കോട്ടയം കോതനല്ലൂരിൽ അമ്മയെയും മകളെയും നടുറോഡിൽ മർദിച്ച പ്രതി പിടിയിൽ. കാണക്കാരി സ്വദേശി രഞ്ജിത്താണ് അറസ്റ്റിയിലായത്. നവംബർ 30ന് നടന്ന സംഭവത്തിൽ നിസാര വകുപ്പുകൾ ചുമത്തി പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. വൈക്കം എഎസ്പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രഞ്ജിത്തിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
കോതനല്ലൂരിൽ മത്സ്യവിൽപന നടത്തിയിരുന്ന വൈക്കം സ്വദേശികളായ അമ്മയ്ക്കും മകൾക്കുമാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 30നാണ് കാണക്കാരി സ്വദേശി രഞ്ജിത്ത് ഇവരെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ രാത്രി 10 മണിക്ക് ശേഷം കച്ചവടം നടത്തിയത് ചോദ്യം ചെയ്തു. തുടർന്ന് അഭ്യവർഷവും നടത്തി.
പ്രതികരിച്ചതോടെ റോഡരികിൽ വച്ച് രഞ്ജിത്ത് ഇവരെ മർദ്ദിക്കുകയായിരുന്നു. അമ്മയുടെയും മകളുടെയും പരാതിയിൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും നിസാര വകുപ്പുകൾ ചുമത്തി പോലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. ഇവർ വൈക്കം എഎസ്പിക്ക് വീണ്ടും പരാതി നൽകിയതോടെയാണ് കടുത്തുരുത്തി പൊലീസ് രഞ്ജിത്തിനെ വീണ്ടും അറസ്റ്റ് ചെയ്തത്. സ്ത്രീകളെ അപമാനിക്കുന്നതും, ആക്രമിക്കുന്നതും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അമ്മയും മകളും കച്ചവടം നടത്തുന്ന കടയ്ക്ക് അരികിലുള്ള സ്‌പെയർപാർട്‌സ് കടയിലെ ജീവനക്കാരനാണ് രഞ്ജിത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here