വിവാദ മാർക്ക് ദാനം പിൻവലിക്കാൻ നടപടി ആരംഭിച്ച് മഹാത്മഗാന്ധി സർവകലാശാല

വിവാദ മാർക്ക് ദാനം പിൻവലിക്കാൻ നടപടി ആരംഭിച്ച് മഹാത്മഗാന്ധി സർവകലാശാല. സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്നറിയിച്ച് വിദ്യാർത്ഥികൾക്ക് മെമ്മോ അയച്ചു തുടങ്ങി. മാർക്ക് ദാനത്തിന്റെ ഗുണം ല്യമായ 118 വിദ്യാർത്ഥികളോട് സർട്ടിഫിക്കറ്റുകൾ തിരികെ ഹാജരാക്കാനാണ് സർവകലാശാലയുടെ നിർദേശം.
കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കൺട്രോളർക്ക് വേണ്ടി സെക്ഷൻ ഓഫീസർ വിദ്യാർത്ഥികൾക്ക് മെമ്മോ നൽകിയത്. മാർക്ക് ദാനത്തിലൂടെ ജയിച്ചു കയറിയ 118 പേരോടും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനും നിർദേശമുണ്ട്. മെമ്മോ ലഭ്യമായി 45 ദിവസത്തിനകം രേഖകൾ തിരികെ എത്തിക്കണമെന്നാണ് അറിയിപ്പ്.
ഇതിന് വഴങ്ങാതെ റദ്ദാക്കിയ സർട്ടിഫിക്കറ്റുകൾ കൈവശം വച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെമ്മോയിൽ വ്യക്തമാക്കുന്നു. നവംബർ 29 ന് ഇറക്കിയ ഉത്തരവിലൂടെയാണ് സർവകലാശാല സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീനാണ് ബിടെക് കോഴ്‌സിന് മോഡറേഷൻ നൽകാൻ അനധികൃതമായി ഇടപെട്ടപെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംഭവം പുറത്തെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here