ഡൽഹി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ

ഡൽഹിയിൽ നാൽപത്തിമൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ഫാക്ടറി പ്രവർത്തിച്ചത് അനുമതിയില്ലാതെ. ഒറ്റവാതിൽ മാത്രമുള്ള കെട്ടിടത്തിന് അഗ്‌നിശമന വകുപ്പിന്റെ അടക്കം ക്ലിയറൻസ് ലഭിച്ചിരുന്നില്ല. മനുഷ്യനിർമിത ദുരന്തമാണുണ്ടായതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് 24നോട് പറഞ്ഞു.
ന്യൂ അനാജ് മണ്ഡിയിലെ നാലു നില കെട്ടിടത്തിൽ ഒരുതരത്തിലുമുള്ള സുരക്ഷാ സംവിധാനവുമില്ലാതെയാണ് സ്‌കൂൾ ബാഗ് നിർമാണ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. തീ അണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെ സൂക്ഷിച്ചിരുന്നില്ല. ഡൽഹി ഫയർ സർവീസിന്റെ അടക്കം ക്ലിയറൻസ് നേടാതെ നിയമവിരുദ്ധമായാണ് നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഡൽഹി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒളിവിൽ പോയ കെട്ടിട ഉടമയ്ക്കായി തിരച്ചിൽ ഊർജിതമാക്കി. മനുഷ്യനിർമിത ദുരന്തമെന്നായിരുന്നു സംഭവസ്ഥലം സന്ദർശിച്ച ബൃന്ദ കാരാട്ടിന്റെ പ്രതികരണം. തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. ഇത്തരം സാഹചര്യങ്ങളെ കുറിച്ച് ഒട്ടേറെത്തവണ ആശങ്ക അറിയിച്ചെങ്കിലും സർക്കാർ ചെറുവിരൽ അനക്കിയില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
ബിജെപിയും ആം ആദ്മി പാർട്ടിയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. മരിച്ചവരിൽ അധികവും ബിഹാർ, പൂർവാഞ്ചൽ സ്വദേശികളാണ്. വൈദ്യുതി വകുപ്പിന്റെ വീഴ്ചയാണെന്ന് ബിഹാർ മന്ത്രി സഞ്ജയ് ഝാ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here