ഐഎഫ്എഫ്കെ; ഇന്ന് കാണേണ്ട അഞ്ച് സിനിമകൾ

1. അറ്റ്ലാന്റിസ്- ഉക്രൈൻ
വാലന്റിൻ വസ്യാനോവിച് സംവിധാനം ചെയ്ത ചിത്രം. യുദ്ധത്തിന്റെ ആഘാതങ്ങളിൽ പെട്ട് ജീവിതം കഴിച്ചു കൂട്ടുന്ന സെർജി എന്ന മുൻ സൈനികന്റെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്നത്. സൈന്യത്തിൽ നിന്ന് വിട്ട അയാൾ യുദ്ധത്തിൽ മരിച്ച ആളുകളെ കുഴിച്ചിടുന്ന ഒരു സംഘടനയിൽ പ്രവർത്തിക്കുകയാണ്. ഇതിനിടെ ഒരു സഹപ്രവർത്തകയുമായി ഇയാൾ അടുക്കുന്നു. കൂട്ടുകാരിയുടെ സഹായത്തോടെ ഇയാൾ യുദ്ധത്തിന്റെ ആഘാതങ്ങളിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നു.
വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമക്കുള്ള പുരസ്കാരം നേടി.
പ്രദർശനം: കലാഭവനിൽ രാവിലെ 9.15ന്
2. മായ് ഘട്ട്: ക്രൈം നമ്പർ 103/2005- ഇന്ത്യ
കുപ്രസിദ്ധമായ ഉദയകുമാർ ഉരുട്ടിക്കൊലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനന്ത് മഹാദേവൻ മറാഠിയിൽ ഒരുക്കിയ ചിത്രം. ഒരു സംസ്ഥാനത്തിന്റെ പൊലീസ് സേനക്കെതിരെ പരാതിപ്പെട്ട് നീതി നടപ്പാക്കുന്നതു വരെ വിശ്രമമില്ലാതെ പോരാടിയ പ്രഭാവതി അമ്മയുടെ കഥയാണ് സിനിമയുടെ പ്രമേയം.
ഗോവയിലുൾപ്പെടെ വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം മൂന്ന് പുരസ്കാരങ്ങളും നേടി.
പ്രദർശനം: കലാഭവനിൽ ഉച്ച തിരിഞ്ഞ് 3.15ന്
3. ദി അൺനോൺ സെയിന്റ്- മൊറോക്കോ
മൊറോക്കൻ സംവിധായകൻ അലാ എദ്ദി ആൽജന്റെ ആദ്യ ചിത്രം. ഒരു പണപ്പെട്ടി മോഷ്ടിച്ചതിന് അമീൻ എന്ന യുവാവ് ജയിലിൽ അടക്കപ്പെടുന്നു. പിടിക്കപ്പെടുന്നതിനു മുൻപ് ഇയാൾ പണം ഒരു കുഴിൽ നിക്ഷേപിക്കുന്നു. ജയിലിൽ നിന്ന് തിരികെ വരുമ്പോൾ ആ കുഴിയുടെ സ്ഥാനത്ത് ഒരു പള്ളിയും അതിനോടു ചേർന്ന് ഒരു ഗ്രാമവും ഉണ്ടാവുന്നു. പണം തിരികെ എടുക്കാനായി അമീൻ അവിടെ താമസിക്കുന്നു.
നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.
പ്രദർശനം: ശ്രീ തിയറ്ററിൽ വൈകുന്നേരം 3.15ന്
4. സൺസ് ഓഫ് ഡെന്മാർക്ക്- ഡെന്മാർക്ക്
ഉലാ സലിം സംവിധാനം ചെയ്ത സിനിമ. യൂറോപ്പിൽ ഉയർന്നു വരുന്ന നാസി പ്രസ്ഥാനങ്ങളെപ്പറ്റിയാണ് സിനിമ ചർച്ച ചെയ്യുന്നത്. രണ്ട് മുസ്ലിം ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. അതിനെതിരെ പ്രവർത്തിക്കാനിറങ്ങുന്ന അവർക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.
റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രദർശനം: അജന്ത തീയറ്ററിൽ വൈകിട്ട് 6.15ന്
5. ഡിജിറ്റൽ കാപ്റ്റിവിറ്റി- തുർക്കി
തുർക്കിഷ് നടനും സംവിധായകനുമായ എമ്രെ കവുക് അണിയിച്ചിരുക്കിയ ചിത്രം. ഡിജിറ്റൽ യുഗവുമായി ബന്ധപ്പെട്ട് ഭാവിയിലാണ് കഥ നടക്കുന്നത്. ഡിജിറ്റൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തടവിലായവർക്ക് രക്ഷപ്പെടാൻ ജയിലധികൃതർ ഒരു മാർഗം മുന്നോട്ടു വെക്കുന്നു. അധികൃതർ തയ്യാറാക്കിയ ഡിജിറ്റൽ ഗെയിമുകൾ കളിച്ച് മതിയായ പോയിന്റ് സ്വന്തമാക്കുന്ന മൂന്നു പേർക്ക് തടവിൽ നിന്ന് രക്ഷപ്പെടാമെന്നതായിരുന്നു മാർഗം. ഇന്റർനെറ്റോ സ്വാതന്ത്ര്യമോ എന്ന സംശയത്തിൽ തടവുപുള്ളികൾ അകപ്പെടുന്നു.
പ്രദർശനം: നിള തീയറ്ററിൽ വൈകിട്ട് 6.30ന്
Story Highlights – IFFK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here